Kerala, News

സന്നിധാനത്ത് യുവതികൾ എത്തിയതായി സംശയം; നടപന്തലിൽ പ്രതിഷേധം

keralanews doubt that girls reached in sannidhanam protest in nadapanthal

ശബരിമല:അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീ സന്നിധാനത്ത് ദർശനത്തിനായി എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നടപന്തലിൽ പ്രതിഷേധം നടന്നു.വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്.എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച്‌ വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിച്ച്‌ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്‌റ്റേഷന്‍ ഉപരോധിച്ചു.ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങള്‍ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയം സന്നിധാനത്തുണ്ടായിരുന്ന വത്സൻ തില്ലങ്കേരിയുമായി പോലീസ് ചർച്ച നടത്തി.തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദര്‍ശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു.

Previous ArticleNext Article