കൊല്ലം:കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം.സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.എന്‍ഐഎ സംഘവും അന്വേഷണത്തിന് ഉടന്‍ എത്തിയേക്കും.പതിനാല് വെടിയുണ്ടകളാണ് കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ വെടിയുണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലെന്നാണ് പോലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കും.7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന് ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.ഇതില്‍ ചിലതില്‍ പാക്കിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്ത് ഉണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവില്‍ കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടന്നിരുന്നത്. വെടിയുണ്ടകള്‍ കണ്ടെത്തിയ മുപ്പതടി പാലത്തിന് സമീപം പൊലീസ് മെറ്റല്‍ ഡിക്റ്റക്ടറിന്റെ സഹായത്തോടെ വീണ്ടും പരിശോധന നടത്തി.