Kerala, News

നിപ ബാധയെന്ന് സംശയം;മലപ്പുറത്ത് ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തിൽ

keralanews doubt of nipah virus three under observation in malappuram

കോഴിക്കോട്:നിപ്പ വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ളത്.പനിയെ തുടര്‍ന്ന് മൂവരേയും ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും സംശയത്തെതുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ  ഇവരില്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ല.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇവരുടെ രക്തസാമ്പിൾ മണിപ്പാല്‍ വൈറസ് റിസര്‍ച്ച്‌ സെന്റെറിലേക്ക്  പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡിഎംഒ ഡോ വി ജയശ്രീ അറിയിച്ചു.ജൂണ്‍ 30 വരെ നിപ്പ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും .ഫോണ്‍ നമ്ബര്‍ 0495 2376063. നിപ്പ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്തപകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Previous ArticleNext Article