കണ്ണൂർ:കൊറോണ വൈറസ് ബാധയെന്ന് സംശയത്തെ തുടർന്ന് മൂന്നുപേരെ കൂടി കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശികളായ മൂന്നുപേരെയാണ് ഇന്നലെ ഉച്ചയോടെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.തായ്ലൻഡ് സന്ദർശനം കഴിഞ്ഞെത്തിയ ഒരു യുവാവ് ആശുപത്രിയിലെ പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ എത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ അഡ്മിറ്റ് ആക്കേണ്ടെന്ന് കണ്ടെത്തിയതിനാൽ വീട്ടിൽത്തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.നേപ്പാളിൽ നിന്നും തിരികെയെത്തിയവർക്ക് നേരിയ പനി ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.നിലവിൽ അഞ്ചുപേരാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്.ഇതോടെ മെഡിക്കൽ കോളേജിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രത്യേക വാർഡായ 803 ആം നമ്പർ വാർഡിന്റെ പരിസരങ്ങളിലും എട്ടാം നിലയിലും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഇന്നലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക കൊറോണാ വൈറസ് ബോധവൽക്കരണ ക്ലാസും നടത്തി.അതേസമയം സാമ്പിൾ പരിശോധനയിൽ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ വിട്ടയച്ചു.ആശുപത്രിയിലും വീട്ടിലുമായി 168 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.