തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപെട്ടതിനു പിന്നാലെ കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി.ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂനമർദ്ദം ബുധനാഴ്ച പുലർച്ചയോടെ രൂപം കൊള്ളാനാണ് സാധ്യത.ഇതിന് പിന്നാലെയാണ് അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്തായി മറ്റൊരു ന്യൂനമർദ്ദവും രൂപം കൊള്ളുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂമർദ്ദം 48 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം അറബിക്കടലിൽ രൂപം കൊള്ളാൻ സാധ്യതയുള്ള പുതിയ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥം കണക്കാക്കിയിട്ടില്ല. ന്യൂനമർദ്ദം ആശങ്ക ഉയർത്തിയ സാഹചര്യവും മാലിദ്വീപിനും ലക്ഷദ്വീപിനും സമീപത്തായി നിലനിൽക്കുന്ന ചക്രവാതചുഴിയും കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.