വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.’ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളത്. അതാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അത്ഭുതമെന്നേ പറയാനുള്ളൂ. ഞായറാഴ്ച്ച ഞാന്‍ അദ്ദേഹവുമായി(മോദി) ഫോണില്‍ സംസാരിച്ചു. മരുന്ന് നല്‍കില്ലെന്നാണെങ്കില്‍ അക്കാര്യം നേരിട്ട് പറയണം. അങ്ങനെയാണെങ്കില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വരും’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ വൈറസ് ബാധിതരായ പല രോഗികളിലും ഫലപ്രദമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം അമേരിക്ക ഉന്നയിച്ചത്.അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് അനുവദിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്ക മാത്രമല്ല ശ്രീലങ്കയും നേപാളും അടക്കമുള്ള നിരവധി രാജ്യങ്ങളും ഇതേ മരുന്ന് കയറ്റി അയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
India, News
കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി ഡൊണാള്‍ഡ് ട്രംപ്
Previous Articleപ്രശസ്ത സിനിമാ താരം കലിംഗ ശശി അന്തരിച്ചു