കണ്ണൂർ: പയ്യാമ്പലത്ത് കെ.ജി മാരാര്‍ സ്മൃതി മണ്ഡപത്തിന് സമീപം പട്ടിയെ കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. തിങ്കളാഴ്ച പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതുസംബന്ധിച്ച് ബി.ജെ.പി ജില്ല നേതൃത്വം കണ്ണൂര്‍ ടൗണ്‍ സി.ഐക്ക് പരാതി നല്‍കി.കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ വേണ്ടിയുള്ള വിറകാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി നേരത്തെ തന്നെ കോര്‍പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബി.ജെ.പി കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ. രതീഷ്, ജില്ല സെക്രട്ടറി അഡ്വ.അര്‍ച്ചന വണ്ടിച്ചാല്‍, കിസാന്‍ മോര്‍ച്ച ജില്ല മീഡിയ കണ്‍വീനര്‍ ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ രാഷ്ട്രീയ ആരോപണമല്ല, സാമൂഹിക വിരുദ്ധര്‍ക്കെതിരെ ഒറ്റക്കെട്ടായ നിലപാടാണ് വേണ്ടതെന്ന് മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ പറഞ്ഞു.സ്മൃതി മണ്ഡപത്തിന് തടസ്സമായി കൂട്ടിയിട്ട വിറക് നീക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മേയര്‍ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.