കോട്ടയം: കാറിന് പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. കോട്ടയം അയർക്കുന്നത്താണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തിരച്ചില്‍ ശക്തമാക്കുകയും ജെഹു തോമസിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇന്നലെ പുലര്‍ച്ചെ 6.30 നാണ് അയര്‍ക്കുന്നം-ളാക്കാട്ടൂര്‍ റോഡില്‍ അമിതവേഗതയിലെത്തിയ കാറിന് പിന്നില്‍ നായയെ കെട്ടിയിട്ടത് കണ്ടെത്തിയത്. സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പൊതു പ്രവര്‍ത്തകരെ സമീപിച്ചു. അയര്‍ക്കുന്നം സ്വദേശിയായ ഐസക്കിന്റെ വീട്ടില്‍ നിന്നാണ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.അതേസമയം കാറിന് പിന്നില്‍ നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. വാക്സിനേഷനു വേണ്ടി പോകുന്നതിനിടയില്‍ രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല എന്നും എ.ടി.എമ്മിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിച്ചു.