Kerala, News

ഡോക്റ്റർമാരുടെ സമരം നാലാം ദിവസത്തിലേക്ക്; ശക്തമായി നേരിടുമെന്ന് സർക്കാർ

keralanews doctors strike is on the fourth day

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഡോക്റ്റർമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്.സമരം പരിഹരിക്കാനോ നേരിടാനോ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തില്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തില്ല.സമരം നിർത്തി വന്നാൽ മാത്രം ചർച്ച നടത്താണെന്നുമാണ് ധാരണയായത്. തത്ക്കാലം എസ്മ പോലെയുള്ള നടപടികളും സ്വീകരിക്കില്ല. എന്നാല്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ വന്നേക്കും. സമരം കര്‍ശനമായി നേരിടാന്‍ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സമരം ജനകീയ പ്രതിഷേധത്തിലൂടെ നേരിടാനാണ് നീക്കം. യുവജന സംഘടനകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ഇതിനായി രംഗത്തിറക്കിയേക്കും. വേണ്ടിവന്നാല്‍ പോലീസിനെ ഇറക്കാനും സര്‍ക്കാര്‍ മടിക്കില്ല.സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. തൊഴിലാളി സംഘടനകള്‍ പോലും പതിനഞ്ച് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സമരം നടത്തുന്നത്. അതിനു പോലും മുതിരാതെയാണ് കെ.ജി.എം.ഒ.എ സമരം നടത്തുന്നതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.എന്നാൽ തങ്ങളിൽ ആർക്കെതിരെയെങ്കിലും നടപടി സ്വീകരിച്ചാൽ കൂട്ട രാജിവെയ്ക്കുമെന്നാണ് കെ.ജി.എം.ഒയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.സമരം നാലാം ദിവസത്തേക്ക് കടന്നതോടെ രോഗികള്‍ ഏറെ ദുരിതത്തിലാണ്.

Previous ArticleNext Article