തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ഡോക്റ്റർക്ക് മർദനമേറ്റു.ആശുപത്രിയെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ.രാജീവ് രാഘവനാണ് രോഗിയുടെ ബന്ധുക്കളുടെ മർദനമേറ്റത്.സംഭവത്തിൽ കതിരൂർ അഞ്ചാം മൈലിലെ രമേശ്,രജീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ആശുപത്രി സംരക്ഷണ നിയമപ്രകാരവും ആശുപത്രിയിൽ അതിക്രമിച്ചു കടന്നതിനും ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം നടുവേദനയുമായി ചികിത്സയ്‌ക്കെത്തിയ കതിരൂർ സ്വദേശിനി നാരായണിയുടെ(78) ബന്ധുക്കളാണ് ഡോക്റ്ററെ മർദിച്ചത്.വാർഡിൽ രോഗിയുടെ ബന്ധുക്കൾ ബഹളം വെയ്ക്കുന്നതായി നഴ്സ് പറഞ്ഞപ്പോൾ അവരോട് തീയേറ്ററിലേക്ക് വരാൻ ഡോക്റ്റർ പറയുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് തയ്യാറായി നിൽക്കുകയായിരുന്നു ഡോക്റ്റർ.എന്നാൽ തീയേറ്ററിലെത്തിയ ബന്ധുക്കൾ ഡോക്റ്ററോട് മോശമായി സംസാരിക്കുകയായിരുന്നു.നടന്നു വന്ന അമ്മയുടെ കയ്യും കാലും തളർന്നതായി ഇവർ ഡോക്റ്ററോട് പറഞ്ഞു.എന്നാൽ രോഗിക്ക് ക്ഷീണമുണ്ടെന്നും അതുകൊണ്ട് പിച്ചും പേയും പറയുകയാണെന്നും രോഗിയെ മെഡിക്കൽ വിഭാഗത്തിലേക്ക് മാറ്റാമെന്നും ഡോക്റ്റർ പറഞ്ഞു. രോഗിയുടെ ബന്ധുക്കൾ ഡോക്റ്ററെ കോളറിന് പിടിച്ചു അടിച്ചതായി തീയേറ്ററിലുണ്ടായിരുന്ന മറ്റൊരു ഡോക്റ്റർ പറഞ്ഞു.പരിക്കേറ്റ ഡോക്റ്ററെ ഐസിയു വിൽ പ്രവേശിപ്പിച്ചു.മൂന്നു രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞ് നാലാമത്തെ ശസ്ത്രക്രിയക്ക് ഡോക്റ്റർ തയ്യാറാകുമ്പോഴായിരുന്നു സംഭവം.നാലാമത്തെ രോഗിക്ക് അനസ്തേഷ്യ നൽകിയിരുന്നു.തുടർന്ന് ശബരിമലയിൽ സേവനത്തിനായി അവധിയിലായിരുന്ന ഡോ.ബിജുമോൻ എത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ബാക്കിയുള്ള നാല് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി.സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ യോഗം ചേർന്നു.ഇന്ന് ജീവനക്കാർ പ്രതിഷേധ ദിനം ആചരിക്കും.