പാലക്കാട്: ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ചുമത്താനിരുന്നത്. പ്ലസ് ടൂ വിദ്യാർത്ഥിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. പിന്നാലെയാണ് കേസെടുക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചത്.വനംവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എങ്കിലും കേസ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.