കൊല്ലം : ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരസ്പരം മാറിപ്പോയ നവജാത ശിശുക്കളെ ഒടുവിൽ ഡി എൻ എ ടെസ്റ്റ് നടത്തി യഥാർത്ഥ മാതാപിതാക്കൾക്ക് തിരിച്ചു നൽകി. കൊല്ലം മെഡിസിറ്റിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളേജിൽ റംസിയും ജസീറയും പ്രസവിച്ചത്. കുഞ്ഞിനെ പൊതിയാൻ തങ്ങൾ വാങ്ങി കൊടുത്തത് പച്ച ടൗവൽ ആണെങ്കിലും ഒരു മഞ്ഞ ടൗവലിൽ പൊതിഞ്ഞാണ് തങ്ങൾക്ക് കുഞ്ഞിനെ ലഭിച്ചതെന്ന് റംസിയുടെ മാതാവ് സുബൈദ പറയുന്നു. കുഞ്ഞിന്റെ കൈയിൽ ടാഗും ഉണ്ടായിരുന്നില്ല. അതേസമയം ജസീറയുടെ കുഞ്ഞിനെ ലഭിച്ചത് പച്ച ടൗവലിലും, കൂടാതെ കുഞ്ഞിന്റെ കൈയിൽ റംസി എന്നെഴുതിയ ടാഗും ഉണ്ടായിരുന്നു. കുഞ്ഞു മാറിപോയിട്ടുണ്ടാവും എന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ വഴക്കുപറഞ്ഞു വിടുകയായിരുനെന്നു സുബൈദ പറയുന്നു
പിന്നീട് പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിൽ കുഞ്ഞിന്റെ രക്ത ഗ്രുപ്പ് എ പോസിറ്റീവ് എന്നാണ് കണ്ടത്. എന്നാൽ ഡിസ്ചാർജ് രേഖകളിൽ കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് ഓ പോസിറ്റീവ് എന്നായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫേർ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി രണ്ടു കുട്ടികളുടെയും ഡി എൻ എ ടെസ്റ്റ് നടത്താൻ നിർദേശം നൽകുകയായിരുന്നു. ഹൈദരാബാദിലെ ലാബിലായിരുന്നു പരിശോധന. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വെച്ചു കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നൽകുകയായിരുന്നു. അതേസമയം തങ്ങൾക്ക് തെറ്റ് പറ്റിയതായി സമ്മതിക്കാൻ ആശുപത്രി അധികൃതർ തയ്യാറല്ലെന്നും ആശുപത്രിയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും മാതാപിതാക്കൾ അറിയിച്ചു.