Kerala, News

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

keralanews distribution of covid vaccine to various centers in the state has started

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് റീജീയണൽ വാക്സിൻ സെന്‍ററുകളിലാണ് എത്തിച്ചത് .കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം കോഴിക്കോട് റീജീയണിൽ നിന്നുള്ള വാക്സിൻ വിതരണം സമീപ ജില്ലകളിലേയ്ക്ക് ഇന്നലെ തന്നെ ആരംഭിച്ചു. തിരുവനന്തപുരം റീജീയണിൽ നിന്ന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേയ്ക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും.ജില്ല കോവിഡ് വാക്സിൻ സെന്‍ററുകളിൽ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Previous ArticleNext Article