കോഴിക്കോട്: രാമനാട്ടുകയിൽ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ തർക്കമെന്ന് സൂചന.സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശേരിയില്‍ നിന്നും എത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട വാഹനാപകടമാണ് കള്ളക്കടത്ത് കവര്‍ച്ചാ സംഘത്തിലേക്ക് പൊലീസിന് വഴി തുറക്കാന്‍ സാധിച്ചത്.ഇന്നലെ കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച് ദുബായില്‍ നിന്നും കരിപ്പൂരിലെത്തിച്ച 1.11 കോടി വിലവരുന്ന 2.330 ഗ്രാം സ്വര്‍ണം ഷഫീക് എന്ന യുവാവിൽ നിന്നും കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണ്ണം വാങ്ങാനാണ് അപകടത്തില്‍പ്പെട്ട ചേര്‍പ്പുള സ്വദേശികള്‍ എത്തിയതെന്നാണ് സൂചന.ഇവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള മറ്റൊരു സംഘവും എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം കടത്തികൊണ്ടുവന്ന മുഹമ്മദ് ഷഫീക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത് ഇരു സംഘങ്ങളും അറിഞ്ഞിരുന്നില്ല.പിന്നീട് കരിപ്പൂരേക്കുള്ള യാത്രാമധ്യേ വിവരം അറിഞ്ഞ് ചേര്‍പ്പുള സ്വദേശികളായ യുവാക്കള്‍ തിരികെ പോകുന്നതിനിടെ കണ്ണൂരില്‍ നിന്നും എത്തിയ സംഘവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നുള്ള സംഭവങ്ങള്‍ അപകടത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് വിവരം.