പാലക്കാട്: കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന് ആരോപണം. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ അനില്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ തന്നെ ഒഴിവാക്കുവാന്‍ ശ്രമിച്ചെന്ന് ബിനീഷ് ബാസ്റ്റിൻ ആരോപിച്ചു.വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങില്‍ അനിലിനെ മാഗസിന്‍ പ്രസിദ്ധീരിക്കുവാനും ബിനീഷിനെ മുഖ്യാതിഥിയുമായാമാണ് സംഘാടകര്‍ ക്ഷണിച്ചത്. ചടങ്ങിന് ഒരുമണിക്കൂര്‍ മുൻപ് ബിനീഷ് താമസിച്ച ഹോട്ടലിലെത്തിയ യൂണിയന്‍ ചെയര്‍മാനും പ്രിന്‍സിപ്പലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം കോളജില്‍ എത്തിയാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.കാരണം അന്വേഷിച്ചപ്പോൾ ബിനീഷിനൊപ്പം വേദി പങ്കിടുവാന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിസമ്മതിച്ചുവെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെ വേദിയിലെത്തിയ ബിനീഷ് വേദിയുടെ നിലത്തിരുന്ന് പ്രതിഷേധിച്ചു.സീറ്റില്‍ ഇരിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ബിനീഷ് വിസമ്മതിച്ചു. തനിക്ക് ഈ ദിവസം ഒരിക്കലും മറക്കുവാന്‍ സാധിക്കില്ലെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിനമാണിതെന്നും ബിനീഷ് നിറകണ്ണുകളോടെ സദസിനോട് പറഞ്ഞു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.
ബിനീഷിന്‍റെ വാക്കുകളിലേക്ക്….
‘എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമാണ് ഇന്ന്. 35 വയസ്സായി, എന്നെ ഗസ്റ്റായി വിളിച്ചിട്ട് വന്നതാണ്. ചെയര്‍മാന്‍ എന്നെ വിളിച്ചിട്ട് വന്നതാണ്. സ്വന്തം വണ്ടിയില്‍ വന്നതാണ്. ശരിക്കും ഒരു മണിക്കൂര്‍ മുന്നേ നിങ്ങളുടെ ചെയര്‍മാന്‍ റൂമില്‍ വന്ന് പറഞ്ഞ്. വേറെ ഗസ്റ്റായിട്ടുള്ളത് അനില്‍ രാധാകൃഷ്ണമേനോനാണ്. അനിലേട്ടന് സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചത് ഇഷ്ടായിട്ടില്ല. അവന്‍ ഇങ്ങോട്ട് വരരുത്, അവനുണ്ടെങ്കില്‍ താന്‍ സ്റ്റേജിലേക്ക് കയറില്ല. എന്‍റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയിട്ടില്ല, ഇങ്ങനൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഒരു കൂലിപ്പണിക്കാരനാ. ടൈല്‍സ് പണിക്കാരനാണ്, അമ്ബത് പടങ്ങളോളം ചെയ്തു. വിജയിയുടെ തെറിയിലൂടെ ഇത്തിരി സ്ഥാനകയറ്റം കിട്ടിയ ആളാണ്. ആദ്യായിട്ടല്ല കോളജ് ഡേക്ക് പോകുന്നത്. 220 ഓളം കോളജുകളില്‍ ഗസ്റ്റായി പോയിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനായത് കൊണ്ട് എഴുതി കൊണ്ടുവന്നത് വായിക്കാം.
‘മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ഏത് മതക്കാരനാണെന്നല്ല പ്രശ്നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്’.