Kerala, News

കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപ് അമ്മയിൽ നിന്നും പുറത്തു തന്നെ:മോഹൻലാൽ

keralanews dilip was exempted from amma association till it was clear that he was not guilty

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ദിലീപ് വിഷയത്തിൽ പൊതുസഹോഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് ദിലീപിന്റെ അംഗത്വ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന രണ്ടായി പിളരുന്ന തരത്തിലായിരുന്നു നീക്കങ്ങള്‍. പിന്നീടാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. തുടര്‍ന്ന് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനം മരവിപ്പിക്കാനും അടുത്ത പൊതുയോഗത്തിന് വിടാനും തീരുമാനിച്ചു. അമ്മയുടെ യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ണായിത്തത്.ഇതിനെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളടക്കം ആരും എതിർത്തില്ല.എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ആരും എതിര്‍ക്കാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചത്. ‘അമ്മ’യിലേയ്ക്കില്ലെന്ന് ദിലീപ് പറയുന്നു. ആ സാഹചര്യത്തില്‍ ദിലീപ് സംഘടനയ്ക്ക് പുറത്തു തന്നെയാണ്. കുറ്റവികമുക്തനാകും വരെ ദിലീപ് പുറത്തു തന്നെയായിരിക്കും. ‘ അമ്മ’യില്‍ നിന്ന് രാജിവച്ച രണ്ടു പേരുടെ കത്തു മാത്രമാണ് ലഭിച്ചത്. ഭാവനയും രമ്യാ നമ്ബീശനും. മറ്റാരും രാജി തന്നിട്ടില്ല. രാജി പിന്‍വലിച്ച്‌ തിരിച്ചുവന്നാല്‍ സ്വീകരിക്കുമോയെന്ന് പറയാനാവില്ല. രാജിയുടെ കാരണങ്ങള്‍ അവര്‍ പറയണം. അക്കാര്യം പൊതുയോഗത്തില്‍ അവതരിപ്പിക്കണം. അംഗങ്ങള്‍ അംഗീകരിച്ചാല്‍ തിരിച്ചുവരുന്നതിന് തടസമില്ല.’അമ്മ എന്ന സംഘടന ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ്.അവർക്ക് കഴിയാവുന്ന സഹായങ്ങളൊക്കെ സംഘടന ചെയ്തു കൊടുത്തിട്ടുണ്ട്.തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ നടി ഒരിക്കലും അമ്മയിൽ പരാതി പറഞ്ഞിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.മഴവില്‍ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഈ സന്ദര്‍ഭം ഉണ്ടായില്ലെങ്കില്‍ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നുവെന്നും എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. താരസംഘടന സംഘടിപ്പിച്ച ഷോയില്‍ മുതിര്‍ന്ന വനിതാ താരങ്ങള്‍ അവതരിപ്പിച്ച്‌ സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്നും ഡബ്ല്യൂ.സി.സിക്ക് എതിരാണെന്നുള്ള ആരോപണം ശക്തമായതിനെ കുറിച്ച്‌ മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.സ്‌കിറ്റ് സ്ത്രീവിരുദ്ധമായില്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ സ്‌കിറ്റ് കണ്ടിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മറുപടി പറയാന്‍ ആരംഭിച്ചത്. ഡബ്ല്യൂ.സി.സി അംഗംങ്ങള്‍ കൂടിയായ സ്ത്രീകള്‍ ചേര്‍ന്നാണ് സ്‌കിറ്റ് ഒരുക്കിയത്. അതില്‍ സ്ത്രീവിരുദ്ധനായ ഒരാളെ തല്ലിയോടിക്കുന്നതായാണ്് കാണിച്ചിരിക്കുന്നത്. സ്‌കിറ്റ് നല്ലതോ മോശമോ എന്നുള്ളത് വേറെ വിഷയമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Previous ArticleNext Article