കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.8.55 ഓടെ സഹോദരി ഭർത്താവിനും സഹോദരനും ഒപ്പമാണ് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. അപ്പുവും ബൈജുവും ദിലീപിന് മുൻപ് തന്നെ ഓഫീസിൽ എത്തിയിരുന്നു. ഒറ്റയ്ക്കിരുത്തിയാകും ഇവരെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും. ക്രൈംബ്രാഞ്ച് എസ്പി മോഹന കൃഷ്ണന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട ചോദ്യം ചെയ്യൽ. പിന്നീട് ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാകും രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിക്കുക.രാവിലെ 9 മണി മുതൽ രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. മൂന്ന് ദിവസം ഇത്തരത്തിൽ കസ്റ്റഡിയിൽ എടുക്കാതെ ചോദ്യം ചെയ്യാനാണ് കോടതി നിർദ്ദേശം. ഈ സാഹചര്യത്തിൽ കൃത്യം 9 മണിക്ക് തന്നെ ഓഫീസിൽ ഹാജരാകാൻ ദിലീപിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു.ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.