
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ എ. സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാരൻ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.