കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയില്‍. ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ദിലീപിന്‍റെ ഈ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനമായിരുന്നത്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു.തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ കോടതിക്ക് നൽകിയിട്ടുണ്ട്.