അങ്കമാലി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. സെപ്റ്റംബർ ആറിന് അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ബുധനാഴ്ച ആലുവ മണപ്പുറത്തും ദിലീപിന്‍റെ വീട്ടിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച ഏഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.അതേസമയം ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കഴിഞ്ഞ വർഷം ദിലീപ് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുത്തിരുന്നില്ലെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി ദിലീപിനു ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു. ദിലീപിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
Kerala
അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി
Previous Articleകാവ്യ ജയിലിലെത്തി ദിലീപിനെ കണ്ടു