ന്യൂഡല്‍ഹി: വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഒരേ നിര്‍മാതാക്കളുടേത് തന്നെ രണ്ട് ഡോസ് വാക്‌സിനുകൾ എടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല.ഈയടുത്ത് നടന്ന ഐ സി എം ആറിന്റെ പഠനത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഇടകലര്‍ത്തി ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ പഠനത്തെ നിരാകരിച്ചു. രണ്ട് ഡോസ് ഇടകലര്‍ത്തി ഉപയോഗിക്കുന്നവരില്‍ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലക് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൂനവാല.ഇന്ത്യയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ കലര്‍ത്തിനല്‍കുന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അംഗീകരിച്ചതിന് പിന്നാലെയാണ് സിറസ് പൂനാവാലയുടെ പ്രസ്താവന.300 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും. വാക്സിനേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.