മുംബൈ:കൊവിഡ് പ്രതിരോധത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് മികച്ച മാതൃകയാണ് മുംബൈയിലെ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ പരിശോധനകളിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കഴിയുമെന്ന് ധാരാവി തെളിയിച്ചു. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മുതല്‍ ഇന്നുവരെ അരലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ ചേരിയുടെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കി. അവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍ നിരീക്ഷണത്തിലാക്കി. ഇത്തരത്തിലൂള്ള നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് ധാരാവിയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധന, ഉറവിടം കണ്ടെത്തല്‍ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.