തിരുവനന്തപുരം:മണ്ഡലകാലത്ത് രാത്രിയിൽ നടയടച്ചശേഷം സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.നിലയ്ക്കലിൽ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനു ശേഷമാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും രാത്രിയിൽ സന്നിധാനത്ത് താങ്ങാൻ അനുമതി ഉണ്ടായിരിക്കുകയെന്നും ഏതു സാഹചര്യയും നേരിടാൻ പോലീസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ നല്‍കുമെന്നും ഈ നമ്പറിൽ വിളിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.അതേസമയം, ശബരിമല മേഖലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിറക്കി.