ശബരിമല:ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ മലയിലേക്ക് പ്രവേശിപ്പിക്കും.ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് നടപടിയെന്നു പറഞ്ഞ ബെഹ്റ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി പറഞ്ഞു.ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സി.നാരായണന്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, ശബരിമലയില്‍ സ്ത്രീകളെ മുൻനിർത്തി സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷാ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് ഇലവുങ്കലില്‍ വച്ച് തന്നെ തീര്‍ത്ഥാടകരെ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കല്‍ വരെ തീര്‍ത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.