തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ഡിസിപി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വിഷയത്തില്‍ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശിപാര്‍ശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ ചൈത്ര അല്‍പംകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തിലെ പോലീസ് നടപടി നിയമസഭയിലും ചര്‍ച്ചാ വിഷയമായിരുന്നു. റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തിന്‍റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്‍റെ ഭാഗമാണ് സിപിഎം ഓഫീസില്‍ നടന്ന റെയ്ഡെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.