India, News

മഹാരാഷ്ട്രയിൽ നാടകീയ രാഷ്ട്രീയ നീക്കം;ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

keralanews devendra fadnavis sworn in as maharashtra cm after big twist

മുംബൈ:വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ ചുമതലയേറ്റു.എന്‍സിപി പിന്തുണയില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.ശരദ് പവാറിന്‍റെ നീക്കങ്ങളെ വെട്ടിക്കൊണ്ട് അജിത് പവാര്‍ നടത്തിയ നീക്കങ്ങളാണ് എന്‍സിപി-ബിജെപി സഖ്യത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റരാത്രികൊണ്ട് എന്‍സിപിയെ തങ്ങളോടൊപ്പം ചേര്‍ത്ത് ബിജെപി മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കുകയായിരുന്നു.രാവിലെ രാജ്ഭവനിലെത്തിയാണ് ദേവന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലേയേറ്റു.ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി.എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്നാവീസ് പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ദേവന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ പ്രതികരിച്ചത്.

അതേസമയം ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഷ്ട്രീയത്തിലെ ഏറ്റഴും വലിയ ചതിയാണ് എന്‍സിപി കാട്ടിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന് ശരത് പവാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.ശരത് പവാറിന്‍റെ അറിവോടെയാണ് ഈ നീക്കങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ശരത് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.സംസ്ഥാനത്തെ കര്‍ഷക പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നായിരുന്നു ശരത് പവാറിന്‍റെ വിശദീകരണം. പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി എന്‍സിപിയെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു. കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയില്‍ അച്ചടക്കം പാലിച്ചതിന് എന്‍സിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. ആവശ്യമില്ലാതെ സഭയില്‍ ബഹളം വെക്കുന്ന പാര്‍ട്ടിയല്ല എന്‍സിപിയെന്നായിരുന്നു മോദിയുടെ പ്രശംസ. ഈ നീക്കങ്ങളെല്ലാമാണ് ഇന്നത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Previous ArticleNext Article