തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി. രാജ്യാന്തര വിമാനത്താവളത്തില്‍ മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലേക്ക് പോയി.സംസ്ഥാനത്തിന്‍റെ 22മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.ഡല്‍ഹി ജാമിഅ മില്ലിയ സ്കൂള്‍, അലീഗഢ്, ലഖ്നോ സര്‍വകലാശാലകളിലായി പഠനം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ യു.പി മുന്‍മുഖ്യമന്ത്രി ചരണ്‍ സിങ് രൂപം നല്‍കിയ ഭാരതീയ ക്രാന്തിദള്‍ വഴിയാണ് രാഷ്്ട്രീയത്തില്‍ എത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും 1977ല്‍ യു.പി നിയമസഭാംഗമായി. 1980 മുതല്‍ കോണ്‍ഗ്രസിനൊപ്പം.അക്കൊല്ലം കാണ്‍പുരില്‍ നിന്നും 1984ല്‍ ബഹ്റൈച്ചില്‍ നിന്നും ലോക്സഭാംഗമായി.മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് 1986ല്‍ ദേശീയ ശ്രദ്ധ നേടിയ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വനിത വിവാഹമോചന അവകാശ സംരക്ഷണ നിയമം കോണ്‍ഗ്രസിന്‍റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് കുറ്റപ്പെടുത്തി സഹമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ ജനതാദളില്‍ ചേര്‍ന്നു.1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ േലാക്സഭയില്‍ എത്തി.ജനതാദള്‍ സര്‍ക്കാറില്‍ വ്യോമയാന മന്ത്രിയായി.98ല്‍ ജനതാദൾ വിട്ട് ബി.എസ്.പിയില്‍ ചേർന്നു.ബഹ്റൈച്ചില്‍ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 2004ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അക്കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.രണ്ടു മൂന്നു വര്‍ഷത്തിനകം സജീവ ബി.ജെ.പി പ്രവര്‍ത്തനവും വിട്ടു. എന്നാല്‍, അനുഭാവ നിലപാട് തുടര്‍ന്നു.ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ‘സമര്‍പ്പണ്‍’ എന്ന സ്ഥാപനം നടത്തി വരുന്നുണ്ട്. വിദ്യാര്‍ഥികാലം മുതല്‍ എഴുതിയ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.
അതേസമയം പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍.ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേണ്‍ എയര്‍കമാന്‍ഡ് എയര്‍ചീഫ് മാര്‍ഷല്‍ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്ബ് സ്റ്റേഷന്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.