കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ.തലശ്ശേരി തിരുവങ്ങാട് സ്വദേശി ആർ.വിനോദ് കുമാർ(45) ആണ് അറസ്റ്റിലായത്.കണ്ണൂർ ഡിടിപിസി കെട്ടിടത്തിന് മുന്നിൽ വെച്ച് പരാതിക്കാരനായ അനീഷ് താമരശ്ശേരി എന്നയാളിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. താമരശ്ശേരിൽ നിന്നും ജില്ലിപ്പൊടിയുമായി വന്ന ലോറിയുടെ ഡ്രൈവറാണ് അനീഷ്.ഈ മാസം ഒന്നാം തീയതിയാണ് അനീഷ് ജില്ലിപ്പൊടിയുമായി കണ്ണൂരിലെത്തിയത്. കേസെടുക്കാതിരിക്കാൻ 10000 രൂപയാണ് കൈക്കൂലിയായി വിനോദ് അനീഷിനോട് ആവശ്യപ്പെട്ടത്.അല്ലാത്ത പക്ഷം 25000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും അറിയിച്ചു.ഒടുവിൽ 5000 രൂപ മതിയെന്ന് വിനോദ് സമ്മതിച്ചു.ഇതനുസരിച്ച് ഒന്നാം തീയതി അനീഷ് 4000 രൂപ വിനോദിന് നൽകി.അനീഷ് വിവരം നല്കിയതനുസരിച്ച് ബുധനാഴ്ച ബാക്കി തുകയായ 1000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം വിനോദിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.