Kerala, News

കണ്ണൂർ ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

keralanews dengue outbreak in kannur district again authorities issued alert

കണ്ണൂര്‍: ജില്ലയില്‍ ആറളം, ചെമ്പിലോട്, പയ്യാവൂര്‍, ചെറുപുഴ, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.കാലാവസ്ഥ വ്യതിയാനം, അലക്ഷ്യമായി മാലിന്യം വലിച്ചെറിയാൻ, ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വലിയ വര്‍ധനവ്, വര്‍ധിച്ചുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വര്‍ധിച്ചു വരുന്ന മാലിന്യ പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനമില്ലായ്മ, തോട്ടങ്ങളിലെ കൊതുകു പ്രജനന സാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള പരിമിതികള്‍ തുടങ്ങിയവയാണ് രോഗ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങള്‍.പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്.ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാനിടയുള്ള മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം.വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക.കുളങ്ങള്‍, ടാങ്കുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഉത്തമം.കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുകയും ചെയ്യണം.

Previous ArticleNext Article