ആഗ്ര: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്, അത് തടയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.