കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ നടപടികൾ തുടങ്ങി.ഇതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം നടക്കുക.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് എന്‍ജിനീയര്‍ എ പി പ്രമോദ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികളാണ്. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കം ചെയ്യും.ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം.പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.