Kerala, News

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍;ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും;അനിശ്ചിതകാല സമരം തുടങ്ങാനൊരുങ്ങി ഫ്ളാറ്റ് ഉടമകള്‍

keralanews demolishing flat in marad flat owners to start indefinite strike from tomorrow

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും.ഇതിനെതിരെ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. ഈ മാസം പത്തിനാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.ഈ നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച്‌ നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. എന്നാല്‍, ഫ്ളാറ്റുകള്‍ ഒഴിയില്ല എന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബങ്ങള്‍. താമസക്കാരെ ബലം പ്രയോഗിച്ച്‌ ഇറക്കിവിടില്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതോടൊപ്പം ഓണാവധി കഴിയുന്നതോടെ ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെയയും സമീപിക്കും.തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച്‌ നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച്‌ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

Previous ArticleNext Article