ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ കര്‍ഷക സമരം അവസാനിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. അര്‍ധരാത്രിയോടെ സമരക്കാരെ ഡല്‍ഹിയിലേക്കുകടക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും തടഞ്ഞ കര്‍ഷകരെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മാറ്റി ഡല്‍ഹിയിലേക്കു കടക്കാന്‍ പോലീസ് അനുവദിച്ചു. ഇതോടെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടിക്കായതിന്‍റെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ തന്നെ കര്‍ഷകര്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിനോട് ചേര്‍ന്ന് പ്രമുഖ കര്‍ഷക നേതാവായിരുന്ന ചൗധരി ചരണ്‍ സിംഗിന്‍റെ സ്മൃതി സ്ഥലമായ കിസാന്‍ ഘട്ടിലേക്ക് മാര്‍ച്ച് നടത്തി. ഇവിടെയെത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചത്.കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും കിസാന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.കാര്‍ഷിക കടങ്ങള്‍ നിരുപാധികം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പു വരുത്തുക, ഇന്ധന വില പിടിച്ചു നിര്‍ത്തുക, വൈദ്യുതി സൗജന്യമാക്കുക തുടങ്ങി പതിനഞ്ച് ആവശ്യങ്ങളുന്നയിച്ചായിരുന്നു കിസാന്‍ക്രാന്ത്രി പദയാത്ര.