ന്യൂഡൽഹി: ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിത കമ്മീഷൻ രംഗത്ത്. ഗര്‍ഭിണികളായ സ്ത്രീകളെ “താല്‍കാലിക അയോഗ്യര്‍” ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്.ബി.ഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും വനിത കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചു.ചൊവ്വാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് വനിത കമീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ എസ്.ബി.ഐ പ്രതികരിച്ചിട്ടില്ല. നേരത്തെ, ജോലിയില്‍ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്ന് തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആറ് മാസം ഗര്‍ഭിണികളായ സത്രീകള്‍ക്ക് വരെ എസ്.ബി.ഐയില്‍ ചേരാനുള്ള അനുമതിയുണ്ടായിരുന്നു.