India, News

ഡല്‍ഹി അക്രമം;പരിക്കേറ്റത് 86 പോലീസുകാര്‍ക്ക്,15 പേര്‍ക്കെതിരേ കേസ്

keralanews delhi conflict 86 police officers injured case charged against 15

ന്യൂഡല്‍ഹി:കാർഷിക ബില്ലിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഡല്‍ഹി പോലീസ് 15 കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. മുകര്‍ബാ ചൗക്ക്, ഗാസിപുര്‍, ഐടിഓ, സീമാപുരി, നാംഗ്‌ളോയി ടി പോയിന്റ്, ടിക്രി ബോര്‍ഡര്‍, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം അക്രമം നടന്നു. ഗാസിപൂര്‍, ടിക്രി, സിംഗു അതിര്‍ത്തി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.പല തവണ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി പോലീസ് സമാധാനപരമായ റാലി എന്ന ഉറപ്പിന്മേലായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ റാലി തുടങ്ങിയ രാവിലെ എട്ടു മണിയോടെ തന്നെ സംഘര്‍ഷങ്ങളും തുടങ്ങുകയായിരുന്നു. 8.30 യോടെ 6000 – 7000 ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങി. വാളും കൃപാണും ഉള്‍പ്പെടെ ആയുധധാരികളായ വിഭാഗമായിരുന്നു കര്‍ഷകരെ നയിച്ചത്.ഇവര്‍ മുകര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടയിലും വെച്ചിരുന്ന ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ഗാസിപൂരില്‍ നിന്നും സിംഗു അതിര്‍ത്തിയില്‍ നിന്നും വന്ന കര്‍ഷകരുടെ ഒരു വലിയ കൂട്ടം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇരിക്കുന്നിടത്തേക്കും ഓടിക്കയറി.ഇവരെ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായി മാറിയതെന്നും പോലീസ് പറയുന്നു. വൈകുന്നേരത്തോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചത്. പോലീസ് നിര്‍ദേശം അവഗണിച്ചും അക്രമം നടത്തല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമപാലകരെ ഡ്യൂട്ടി തടസ്സപ്പെടുത്തി ക്രൂരമായി മര്‍ദ്ദിക്കല്‍ തുടങ്ങിയ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കര്‍ഷക സമരക്കാര്‍ സമര ഭൂമിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

Previous ArticleNext Article