ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനൊന്നിന് വോട്ടെണ്ണലും.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.ഇത്തവണ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ അറിച്ചു.70 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.ഡല്‍ഹിയുടെ സമ്പൂര്‍ണ സംസ്ഥാന പദവി, മലിനീകരണ പ്രതിസന്ധി, അനധികൃത റെസിഡൻഷ്യൽ കോളനികളുടെ ക്രമീകരണം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചാ വിഷയമാകും. വിവാദമായ പൗരത്വ നിയമവും എന്‍.ആര്‍.സിയുമായിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 1.46 കോടി വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് അന്തിമ തിരഞ്ഞെടുപ്പ് പട്ടികയിൽ പറയുന്നു. 80.55 ലക്ഷം പുരുഷന്മാരും 66.35 ലക്ഷം സ്ത്രീകളുമടക്കം 1,46,92,136 വോട്ടർമാരുണ്ടെന്നാണ് വോട്ടർ പട്ടിക വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിനായി 1370 പോളിങ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.