തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.കമ്മീഷനെ നിയോഗിച്ച് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കുന്നതിൽ പരിശോധന നടത്തും. ശേഷം മാത്രമേ കൺസെഷൻ വർധനയിൽ തീരുമാനമുണ്ടാകൂവെന്ന് ആന്റണി രാജു അറിയിച്ചു.ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായിരുന്നു നിരക്ക്. ഇത് 200 രൂപയായി വർധിപ്പിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് 200 രൂപയിൽ നിന്നും മിനിമം ചാർഡ് 225 രൂപയായും ഉയർത്തി. ചാർജ് വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.