തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനം.പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടുകയുള്ളൂ.സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും തീരുമാനമായി.സംസ്ഥാനത്താകെ നിലവില്‍ അറുന്നൂറോളം കേസുകളാണ് ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് .