Kerala, News

തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം

keralanews decision to conduct thrissur pooram with restrictions

തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമാകും പങ്കെടുക്കുക.വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്. വെടിക്കെട്ടിന്‍റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി ഓരോ അമിട്ട് മാത്രം പൊട്ടിച്ചു കൊണ്ട് അവസാനിപ്പിക്കുമെന്നും കോവിഡ് വ്യാപനം രൂക്ഷമായത് പരിഗണിച്ച്‌ 23-ാം തിയതി തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക.പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.

Previous ArticleNext Article