തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം ഇളവ് നൽകിയാൽ മതിയെന്നാണ് വിദഗ്‌ധാഭിപ്രായം.ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.ജൂണ്‍ ഒൻപത് വരെയാണ് സംസ്ഥാനത്ത് നിലവിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെ വേഗത്തില്‍ താഴ്‌ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിർദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന മിനി ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഇനിയും തുടരാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.