ഊട്ടി:ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടും.അപകടത്തിൽ ബിപിന്‍ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബിപിന്‍ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.