കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന ആരോപണം അന്വേഷിക്കാന്‍ ജയില്‍വകുപ്പ്. ദക്ഷിണമേഖലാ ജയില്‍ ഡിഐജിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു.ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജന്‍സികള്‍ക്കു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമാണ് ജയില്‍വകുപ്പിന്റെ നിലപാട്. സ്വപ്നയ്ക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍വകുപ്പ് തീരുമാനിച്ചതായാണു സൂചന. സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷ പരിഗണിച്ചാണു കോടതി നടപടി. നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.നവംബര്‍ 25 ന് കസ്റ്റംസിെന്റ കസ്റ്റഡിയില്‍ വിടുന്നതിനുമുൻപ് പലതവണയും കസ്റ്റഡിയില്‍ വിട്ട 25 ആം തീയതിയും ഇക്കാര്യം പറഞ്ഞ് അവര്‍ പലതവണ ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പലപ്പോഴായി തെന്റ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,തെന്റ വെളിപ്പെടുത്തലുകള്‍ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പുറത്തുവന്നുകഴിഞ്ഞുവെന്നും സ്വപ്ന പറയുന്നു.. കേസില്‍ താല്പര്യമുള്ള ഉന്നത വ്യക്തികളുടെ ഇടപെടല്‍ മൂലം ജയിലിനകത്തുവെച്ച് തന്നെ അപായപ്പെടുത്തിയേക്കാം. ഈ സാഹചര്യത്തില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പിക്കും അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു.