കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ പിടിയിലായി.കണ്ണൂർ ചെറുതാഴം മുണ്ടൂർ ഹനുമാരമ്പലത്തിന് സമീപം വിജേഷ് ബാലൻ(30)എന്നയാളാണ് അറസ്റ്റിലായത്.കാസർകോട്ട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ചെറിയ തോതിൽ മനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുതാഴത്തിന് സമീപത്തെ യുവതിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിളി വന്നതെന്ന് കണ്ടെത്തി.എന്നാൽ യുവതി ഏതാനും മാസമായി ഈ നമ്പർ ഉപയോഗിക്കാറില്ലെന്ന് വ്യക്തമായി.പിന്നീട് മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സിം കാർഡ് ഇപ്പോൾ വിജേഷിന്റെ പേരിലാണെന്ന് കണ്ടെത്തിയത്.പിന്നീട് നടത്തിയ തിരച്ചിലിൽ കാസർകോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇയാൾ പിടിയിലായി.അച്ഛനും അമ്മയും മരിച്ച ശേഷം നാടുവിട്ട വിജേഷ് കുറേക്കാലമായി കണ്ണൂരിലേക്ക് വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.സ്ഥിരമായി എവിടെയും തങ്ങാത്ത സ്വഭാവമാണ് ഇയാളുടേതെന്നും പരിചയക്കാർ പറയുന്നു.കുറച്ചുകാലം എറണാകുളത്ത് ജോലി ചെയ്തിരുന്നു.ജോലിക്കായാണ് കാസർകോഡ് എത്തിയതെന്നാണ് വിജേഷ് മൊഴി നൽകിയിരിക്കുന്നത്. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വിജയത്തിൽ ഹരം കയറിയാണ് ഓഫീസിലേക്ക് വിളിച്ചതെന്നാണ് വിജേഷ് പറയുന്നത്.
Kerala, News
മുഖ്യമന്ത്രിക്ക് വധഭീഷണി;ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
Previous Articleഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ