കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്നു. ഇരുവരുടേയും മൊഴികള്‍ കള്ളമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നു എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. അപകടം കണ്ടുവെന്നായിരുന്നു സാക്ഷി കലാഭവന്‍ സോബി മൊഴി നല്‍കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞതും നുണയാണെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നു.സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സി.ബി.ഐ കണ്ടെത്തി. അപകട സമയത്ത് റൂബിന്‍ ബംഗലൂരുവിലായിരുന്നു. അപകടസമയത്ത് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യ വിദേശത്തായിരുന്നു എന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അപകടമരണം എന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ പോളിഗ്രാഫ് ടെസ്റ്റില്‍ പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് വിവരം.കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്, ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി വിഷ്ണു സോമുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കേസില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കിയത്.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയില്‍ ലഭിച്ചത് നിര്‍ണ്ണായക തെളിവുകളാണെന്ന റിപ്പോര്‍ട്ടുമുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ഫോറന്‍സിക് സംഘം സിബിഐക്ക് കൈമാറി. കേസിലെ ദുരൂഹതയകറ്റാനാണ് നുണ പരിശോധന റിപ്പോര്‍ട്ട് സിബിഐ പരിശോധിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്തു ഇടപാടുകളെ കുറിച്ച് ബാലഭാസ്‌കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കും. ബാലഭാസ്‌കര്‍ മരിക്കുന്നതിനു മുൻപ് തന്നെ വിഷ്ണു സ്വര്‍ണക്കടത്തു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിക്കുകയാണ് സിബിഐ.എന്നാല്‍ കലാഭവന്‍ സോബിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് സിബിഐ തിരിച്ചറിയുന്നുണ്ട്. ഇതിനൊപ്പം ഡ്രൈവര്‍ അര്‍ജുനിന്റെ മൊഴിയും കള്ളമായിരുന്നു. ഇതിലും അന്വേഷണം തുടരും. ബാലഭാക്‌സറിന്റെ ഭാര്യയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് നുണ പരിശോധനയിലെ റിപ്പോര്‍ട്ടുകളെന്നാണ് സൂചന. പ്രകാശ് തമ്പിയുടെ മൊഴിയിലും അസ്വാഭാവികതയുണ്ട്. എന്തിനാണ് ഡ്രൈവര്‍ കള്ളം പറഞ്ഞതെന്നതാണ് ഇനി നിര്‍ണ്ണായകം. അതില്‍ കൂടി വ്യക്തത വന്നാല്‍ ബാലഭാക്‌സറിന്റെ കേസില്‍ സിബിഐ അന്തിമ നിഗമനത്തില്‍ എത്തും.