തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പിതാവ് ഉള്‍പ്പടെയുളളവര്‍ സംശയം ഉന്നയിച്ചു രംഗത്ത് വന്നതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം.ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേര്‍ന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഒക്ടോബര്‍ 2നായിരുന്നു അപകടത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത്.