കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പിതാവ് സനു മോഹന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇയാള്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ഈ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യ ചെയ്യാനാണെങ്കില്‍ എന്തിനാണ് ഗോവയില്‍ വരെ ഇയാള്‍ പോയതെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മാത്രമല്ല, മകളെ കൊലപ്പെടുത്തിയ സനു മോഹന്‍ പനാജിയില്‍ പോയി ചീട്ടു കളിച്ചു പണം കളഞ്ഞെന്നും മൊഴിനല്‍കിയിട്ടുണ്ട്.ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കടബാധ്യത പെരുകിയപ്പോള്‍ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.താൻ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്‌ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹന്‍ പറഞ്ഞു.ഫ്‌ളാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളത്തില്‍ എറിയുമ്പോൾ വൈഗ മരിച്ചിരുന്നില്ല. വെള്ളത്തില്‍ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് സനു മോഹനെ രാവിലെ എത്തിച്ചു. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയില്‍ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹന്‍ സഞ്ചരിച്ചത്. കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.മാര്‍ച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് മാര്‍ച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹന്‍ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹന്‍ പിടിയിലായത്.