കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം. റോയിയുടെ മൊഴിയെടുത്ത ശേഷമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.മോഡലുകളുടെ മരണത്തിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹോട്ടലുടമ റോയ് വയലാട്ടിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇയാളുടെ മൊഴി ആശുപത്രിയിൽവെച്ചാണ് പോലീസ് രേഖപ്പെടുത്തിയത്.കോടതിയിൽ പ്രതികൾക്കെതിരെ ശക്തമായ വാദങ്ങളായിരുന്നു പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ മോഡലുകളുടെ മരണവും ഹാർഡ് ഡിസ്ക് നശിപ്പിക്കുന്നതും തമ്മിലുള്ള ബന്ധം എന്തെന്നാണ് പ്രതിഭാഗം ഉയർത്തിയ വാദം. ഇവരുടെ മരണത്തെ ഇതുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. അപകടത്തനിടയാക്കി എന്ന് വിശ്വസിക്കുന്ന ഓഡി കാർ ഡ്രൈവർ സൈജുവിന് ജാമ്യം ലഹിച്ചു. ഇയാളാണ് അപകടത്തിൽ പെട്ട കാറിനെ ചേസ് ചെയ്തത്. റഹ്മാൻ മദ്യപിച്ച് കാർ ഓടിച്ചതായി പോലീസും പറയുന്നു. ഇതാണ് അപകടത്തിനുള്ള കാരണങ്ങൾ. ഇതിൽ തങ്ങൾ പ്രതിയാകുന്നതെങ്ങനെ എന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു.ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്നും നിർണായക തെളിവായ ഹാർഡ് ഡിസ്ക് കായലിലേയ്ക്ക് എറിഞ്ഞന്നെ് തെളിഞ്ഞതായും പോലീസ് പറഞ്ഞു. ഇതിലൂടെ റോയ് കേസിലെ പ്രധാന തെളിവ് നശിപ്പിക്കുകയാണെന്നും ആരെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ ഒന്നാം പ്രതിയായ അബ്ദു റഹ്മാന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.