കൊല്ലം: കൊട്ടാരക്കരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ തലവൂര്‍ മഞ്ഞക്കാല സ്‌കൂളിന് സമീപം ലാല്‍കുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തില്‍ പരിക്കേറ്റ ലാല്‍കുമാര്‍ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നികോട് എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ ഇക്കഴിഞ്ഞ 12 നാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സി ഇ ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് ബൈക്കുകളിൽ തെന്മലയില്‍ വിനോദയാത്ര പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.