Kerala, News

ദേവനന്ദയുടെ മരണം;പ്രത്യേകസംഘം അന്വേഷണം തുടരും

keralanews death of devananda special investigation team will continue the investigation

കൊല്ലം:കൊല്ലം പള്ളിമൺ ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്  പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെയെത്തി എന്നതാണ് അന്വേഷിക്കുക.വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുന്നത്.മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലും  കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്.ഇതെല്ലാം പരിഗണിച്ചാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്നാൽ ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിലെ ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പോലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്.ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദ ബുധനാഴ്ച അമ്മൂമ്മയ്‌ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തിൽ പോയിരുന്നു. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പാലത്തില്‍ നിന്നും വഴുതി ആറ്റില്‍ വീണതാകാമെന്നാണ് വിലയിരുത്തല്‍.എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. വനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.

Previous ArticleNext Article