തിരുവനന്തപുരം:ബാലഭാസ്‌ക്കറിന്റെ മരണത്തിനു ഇടയാക്കിയ അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആയിരുന്നെന്ന് പ്രകാശ് തമ്പി മൊഴി നൽകി.സ്വർണ്ണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽകഴിയുന്ന പ്രകാശ് തമ്പിയുടെ മൊഴി ഇന്നലെയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരികൃഷ്‍ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.താനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്കർ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അർജുൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴിമാറ്റിയ ശേഷം അർജുനുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അർജുൻ തന്റെ നമ്പർ ബ്ലോക്ക് ചെയ്തു. വാഹനമോടിച്ചത് ആരാണെന്ന് അറിയാൻ വേണ്ടിയാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.എന്നാൽ ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു.പ്രകാശ് തമ്പി സിസിടിവിയിലെ ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തെന്ന് ക്രൈംബ്രാഞ്ചിനോട് നേരത്തെ ജ്യൂസ് കടയുടമ ഷംനാദ് പറഞ്ഞിരുന്നു.ഈ മൊഴി പിന്നീട് ഷംനാദ് മാറ്റിപ്പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തിട്ടില്ലെന്നാണ് ഷംനാദ് പിന്നീട് പറഞ്ഞത്.